ഗോൾഡൻ ത്രെഡ്സ് കെപിഎൽ ജേതാക്കൾ




കേരള പ്രിമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ചാംപ്യൻമാരായ ഗോൾഡൻ ത്രെഡ്സ് ടീമിനു മന്ത്രി അഹമ്മദ് ദേവർകോവിൽ ട്രോഫി നൽകിയപ്പോൾ. കോഴിക്കോട് ∙ അധികസമയത്തേക്കു നീണ്ട കലാശപ്പോരാട്ടത്തിൽ കെഎസ്ഇബിയെ 20നു തോൽപിച്ച ഗോൾ*ഡൻ ത്രെഡ്സ് എഫ്സിക്കു കേരള പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടം. ക്യാപ്റ്റൻ അജയ് അലക്സ്, ഘാന താരം ഇസഹാക് നുഹു എന്നിവരാണ് ഗോൾഡൻ ത്രെഡ്സിനായി ഗോൾ നേടിയത്. ഇതാദ്യമായാണ് കൊച്ചി ആസ്ഥാനമായ ഗോൾഡൻ ത്രെഡ്സ് കെപിഎൽ കിരീടം നേടുന്നത്. ഇതോടെ ഐ ലീഗ് രണ്ടാം ഡിവിഷനിൽ കളിക്കാനും ത്രെഡ്സ് അർഹത നേടി.

പന്ത് കൈവശം വച്ചും അവസരങ്ങൾ സൃഷ്ടിച്ചും ഗോൾഡൻ ത്രെഡ്സ് കളിയിൽ ആധിപത്യം പുലർത്തിയെങ്കിലും നിശ്ചിതസമയത്ത് കെഎസ്ഇബിയുടെ പ്രതിരോധം ഭേദിക്കാനായില്ല. പ്രത്യാക്രമണങ്ങളിലൂടെ കെഎസ്ഇബിയും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കാനായില്ല. ഒടുവിൽ അധികസമയത്തിന്റെ രണ്ടാം പകുതിയിലാണ് ഗോൾഡൻ ത്രെഡ്സ് സമനിലപ്പൂട്ട് പൊട്ടിച്ചത്. 109ാം മിനിറ്റിൽ ബോക്സിന് പുറത്ത് ഇടതു പാർശ്വത്തിൽ കിട്ടിയ ഫ്രീകിക്ക് അജയ് അലക്സ് ഗോളിക്ക് അവസരമൊന്നും നൽകാതെ വലയിലെത്തിച്ചു. കളി അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ ഇസഹാക് നുഹു ഗോൾപട്ടിക പൂർത്തിയാക്കി. 12 ഗോളുകളോടെ ഇസഹാക് ടൂർണമെന്റിലെ ടോപ് സ്കോററായി.