Theater: Kottayam Anupama (a/c dts ufo) Date : 17-01-2011 Show Time : 5.45 pm Status : Balcony almost full Reserved : 60%
![](http://i52.tinypic.com/30roe3m.jpg)
'ചിരുതൈ' the commercial Movie
'വിക്രമർ കുഡു' എന്ന പേരിൽ തെലുങ്കിലും, മൊഴി മാറ്റി 'വിക്രമാദിത്യ 'എന്ന പേരിൽ മലയാളത്തിലും പ്രദർശനത്തിനെത്തിയ രാജ മൗലി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ്* 'ചിരുതൈ'. തെലുങ്കിൽ 'രവി തേജ' - 'അനുഷ്ക' എന്നിവർ അവതരിപ്പിച്ച റോളുകൾ തമിഴിൽ യഥാക്രമം 'കാർത്തി' - 'തമന്ന' എന്നിവർക്കാണ്*. മൂലകഥയിലും, സന്ദർഭങ്ങളിലും അണുവിട വ്യത്യാസമില്ലാത്ത തമിഴ് റീ മേക്ക് സംവിധാനം ചെയ്തിരിക്കുന്നത് 'ശിവ' യാണ്*.
സാമാന്യം തരക്കേടില്ലാത്ത രീതിയിൽ തട്ടിപ്പുകളും, മോഷണങ്ങളുമൊക്കെ നടത്തി തല്ലിപ്പൊളി ജീവിതം നയിക്കുന്നവരാണ്* റോക്കറ്റ് രാജയും (കാർത്തി) സുഹൃത്ത് കാട്ടു പൂച്ചിയും (സന്താനം) ശ്വേത എന്ന പെൺകുട്ടി ഇതിനിടയിൽ രാജയുമായി പ്രണയത്തിലാവുന്നു. എന്നാൽ ഇവർക്കിടയിലേക്ക് ഒരു നാൾ കടന്നു വരുന്ന ദിവ്യയെന്ന പെൺകുട്ടി (ബേബി രക്ഷണ) രാജയെ സ്വന്തം പിതാവായി തെറ്റിദ്ധരിക്കുന്നു. ആശയക്കുഴപ്പങ്ങൾക്കൊടുവിൽ രാജയോട് സാമ്യമുള്ള രത്നവേൽ പാണ്ഡ്യൻ എന്ന ധീരനായ ഐ.പി.എസ് ഓഫീസറുടെ ജീവിതം അനാവൃതമാവുകയാണ്*. രത്നവേൽ പാണ്ഡ്യൻ ബാക്കി വെച്ച ചില കർത്തവ്യങ്ങൾ രാജ സധൈര്യം ഏറ്റെടുക്കുന്നതോടെ ഒരു നാട്ടിലെ ദുരിതത്തിനാണ്* അറുതിയാകുന്നത്.
കാട്ടാനയുടെ കരുത്തുള്ള നായകൻ( മൂപ്പർ കാലു ചവിട്ടുന്ന പ്രകമ്പനം കൊണ്ട് തന്നെ വില്ലന്മാർ തെറിച്ചു വീഴുകയും വേണം),നായകനെ ചുറ്റി നടക്കുന്ന മാദക സുന്ദരി നായിക, അധോലോക ചാരികളോ ക്രൂരന്മാരായ ജന്മികളോ ആയ വില്ലന്മാർ, മസിലു പെരുപ്പിച്ചതും നാട്ടിലെ പെൺകുട്ടികളെ പീഡിപ്പിക്കുന്നവരുമായ ശിങ്കിടികൾ, കഥയോട് ബന്ധമില്ലെങ്കിലും ക്രമമായ ഇടവേളകളിൽ ആവർത്തിക്കപ്പെടുന്ന മദാലസ സുന്ദരികൾ മാറ്റുരയ്ക്കുന്ന ഗാന നൃത്ത വിരുന്നുകൾ, അമിത വയലൻസ്.. തെലുങ്ക് സിനിമകളിലെ പതിവു ചേരുവകളെല്ലാം തന്നെ മൂല്യശോഷണം സംഭവിക്കാതെ ചിരുതൈയിലുമുണ്ട്. കൂടുതലും ഓഫ്ബീറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള കാർത്തിയുടെ ഒരു മുഴു നീള കൊമേഴ്സ്യൽ ചിത്രമായ ചിരുതൈയിൽ റോക്കറ്റ് രാജ യായും, രത്നവേൽ പാണ്ഡ്യനായും അദ്ദേഹം തകർത്തഭിനയിച്ചിട്ടുമുണ്ട്, കോമഡി വേഷവും, സീരിയസ്സ് ക്യാരക്ടറും ഒരേ സിനിമയിൽ ചെയുക എന്ന ശ്രമകരമായ ദൗത്യം കാർത്തി അനായാസമായി മറികടന്നിരിക്കുന്നു. കാട്ട് പൂച്ചി യെന്ന റോളിൽ വന്ന സന്താനവും കോമഡി ഒട്ടും അരോചകമാക്കിയില്ല.
നായികയായ തമ്മന്നയ്ക്കു കാര്യമായി അഭിനയിക്കാനൊന്നുമില്ലെങ്കിലും നായികയുടെ സൗന്ദര്യം ഒട്ടും വൾഗറല്ലാത്ത രീതിയിൽ ഭംഗിയായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. പോലീസ് വേഷത്തിലെത്തിയ മേഘാ നായരും നല്ല പ്രകടനം നടത്തി. ബാലതാരം ബേബി രക്ഷണ, വില്ലന്മാർ എന്നിങ്ങനെ എല്ലാവരും തന്നെ തങ്ങളുടെ റോളുകൾ മികച്ചതാക്കിയിട്ടുണ്ട്. വിദ്യാസാഗറിന്റെ ഗാനങ്ങൾ, ഛായാ ഗ്രാഹണം എന്നിവയും നല്ല നിലവാരം പുലർത്തി.
മലയാളമടക്കമുള്ള തെന്നിന്ത്യൻ ഭാഷാ സിനിമകളിൽ സൂപ്പർ താര പരിവേഷത്തിലേക്കുള്ള ചവിട്ടു പടിയാണ്* പോലീസ് വേഷങ്ങൾ, കാർത്തി എന്ന നടന്റെ ആക്ഷൻ ഹീറോ പരിവേഷത്തിലേക്കുള്ള പരിവർത്തനം ആരംഭിച്ചിരിക്കുന്നു എന്നു വേണം കരുതാൻ. ജീവിത ഗന്ധികളായ ചിത്രങ്ങൾക്കൊപ്പം കറതീർന്ന മസാല കൊമേഴ്സ്യൽ ചിത്രങ്ങളുടേയും വിള ഭൂമിയായ തമിഴകത്തു നിന്നും ഇനിയും കാർത്തിയുടെ ആക്ഷൻ സിനിമകൾ പ്രതീക്ഷിക്കാം.
അവലോകന സാരം:
അടിപിടിയും സൂപ്പർ ഹീറോയിസവുമൊക്കെ ആസ്വദിക്കാനിഷ്ടമുള്ളവർക്കു നന്നായി ആസ്വദിക്കാനാവുന്ന ചിത്രം.