★★★★ FK EXCLUSIVE INTERVIEW With UNNI.R★★★★

ദുൽഖർ സൽമാൻ, പാർവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'ചാർലി' ക്രിസ്തുമസ് റിലീസായി തീയേറ്ററുകളിലെത്തുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഉണ്ണി ആർ, മാർട്ടിൻ പ്രക്കാട്ട് എന്നിവർ ചേർന്നാണ്. പ്രശസ്ത ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി. ആർ ചാർലിയുടെ വിശേഷങ്ങൾ ഫോറം കേരളത്തോട് പങ്കുവെയ്ക്കുന്നു. അസഹിഷ്ണുതാ വിവാദം, മലയാളത്തിൽ മികച്ച തിരക്കഥാകൃത്തുക്കളുടെ എണ്ണം കുറയുന്നു എന്ന അഭിപ്രായം തുടങ്ങിയവയോടുള്ള തന്റെ നിലപാടുകളും അദ്ദേഹം വ്യകതമാക്കുന്നു.
- മാർട്ടിൻ പ്രക്കാട്ട്-ഉണ്ണി ആർ ടീം ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ചാർലി . രണ്ട് കൊമേഷ്സ്യൽ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനും ഒരേ സമയം വാണിജ്യ സിനിമയുടേയും സമാന്തര സിനിമയുടേയും ഭാഗമായ തിരക്കഥാകൃത്തും ഒരുമിക്കുന്ന 'ചാർലി' എത്തരത്തിൽ ഉള്ള ചിത്രമായാണ് പ്രേക്ഷകർക്ക്* മുൻപിലെത്തുന്നത്?
'ചാർലി' ഒരു കൊമേഷ്സ്യൽ എന്റർറ്റൈനർ എന്ന നിലയിലാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത് .എന്നാൽ ഇതൊരു മാസ്സ് മസാല ചിത്രവുമല്ല . ഞാൻ ഇതുവരെ എഴുതിയ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് 'ചാർലി'.
- പ്രധാനമായും യുവാക്കളെ ആകർഷിക്കുന്ന തരം ചിത്രമാണോ 'ചാർലി'?
അങ്ങനെ പറയാൻ കഴിയില്ല.സിനിമ ഇഷ്ടപ്പെടുന്ന എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരു പോലെ ആസ്വാദ്യകമായ ഒരു ചിത്രമായാണ് 'ചാർലി' ഒരുക്കിയിരിക്കുന്നത്. മറ്റേത് സിനിമയെ പോലെയും അന്തിമ വിധി കർത്താക്കൾ പ്രേക്ഷകർ തന്നെയാണ്.
- ചിത്രത്തിന്റെ ഹൈപ്പ് ഭയപ്പെടുത്തുന്നുവെന്ന സംവിധായകന്റെ പ്രതികരണത്തെക്കുറിച്ച്.
സിനിമകളെ പലപ്പോഴും ദോഷകരമായി ബാധിക്കുന്ന ഒന്നാണ് അനാവശ്യമായി സൃഷ്ടിക്കപ്പെടുന്ന ഹൈപ്പ്.
ഈ സിനിമയുമായി ബന്ധപ്പെട്ട ആരും ഇത്തരത്തിൽ ഒരു ഹൈപ്പ് ഉണ്ടാക്കുവാൻ ശ്രമിച്ചിട്ടില്ല.ചിത്രത്തിന്റെ ട്രെയിലർ പോലും ഒരാഴ്ച മുൻപാണ് പുറത്തിറക്കിയത്.
- യുവ നടന്മാരിൽ മുൻനിരയിലുള്ള ദുൽഖർ സൽമാനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരികുന്നത്. അദ്ദേഹത്തിന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?
ചാർലി എന്ന കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിക്കുവാൻ ദുൽക്കറിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു തുടക്കമാണ് ഈ ചിത്രം എന്നാണ് എന്റെ വിലയിരുത്തൽ
- മമ്മൂട്ടിയോടും ദുൽഖർ സൽമാനോടും ഒപ്പം രണ്ടു ചിത്രങ്ങളിൽ താങ്കൾ പ്രവർത്തിച്ചു . ഒരു താരതമ്യം അർത്ഥവത്തല്ലെങ്കിൽ പോലും അഭിനയം, സിനിമയോടുള്ള സമീപനം തുടങ്ങിയവയിൽ ഇരുവരേയും കുറിച്ചുള്ള താങ്കളുടെ വിലയിരുത്തൽ?
സിനിമ കണ്ടു തുടങ്ങുന്ന കാലം മുതൽ ഏറെ ആദരവോടെയും ആരാധനയോടെയും നോക്കി കണ്ടിട്ടുള്ള നടനാണ്* മമ്മൂക്ക. പ്രതിഭാധനരായ സംവിധായകർക്കും എഴുത്തുകാർക്കും ഒപ്പം പ്രവർത്തിച്ചും , അനശ്വരങ്ങളായ എണ്ണമറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചും മലയാളം കണ്ട ഏകാലത്തെയും പ്രതിഭാധനരായ നടന്മാരിൽ ഒരാളായി മാറിയ മമ്മൂക്കയ്ക്ക് ഇന്നും സിനിമയോടുള്ള അഭിനിവേശം ഒട്ടും കുറഞ്ഞിട്ടില്ല. ദുൽഖറും അതേ വഴിയിലാണ് സഞ്ചരികുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുണ്ട്. സിനിമയോട് തികഞ്ഞ ആത്മാർത്ഥത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. മമ്മൂക്ക എത്തിയ അതേ ഉയരത്തിലേക്ക് വളരുന്ന നടനാണ്* ദുൽഖർ.
- അമൽ നീരദ് ആദ്യമായി സംവിധാനം ചെയ്ത 'ബിഗ്* ബി' എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് താങ്കൾ ആയിരുന്നു. തീയേറ്ററുകളിൽ നിന്നും ലഭിച്ചതിൽ കൂടുതൽ സ്വീകാര്യത പിന്നീട് നേടാൻ കഴിഞ്ഞ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു.അതേക്കുറിച്ച്.
അത്തരം ആലോചനകൾ നടക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.
- മലയാളത്തിൽ പ്രതിഭാധനരായ എഴുത്തുകാരുടെ എണ്ണം കുറയുന്നു എന്നും കാലത്തെ അതിജീവിക്കാൻ സാധിക്കുന്ന തരം സിനിമകളും ജീവിത ഗന്ധിയായ കഥകളും വിരളമാകുന്നു എന്നുമുള്ള അഭിപ്രായത്തെ ക്കുറിച്ച്.
ലോകം തന്നെ അനുദിനം മാറിക്കൊണ്ടിരിക്കുന്നു.നമ്മുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടുകളിലും ഭാഷരീതികളിലും വസ്ത്ര ധാരണ രീതികളിലും ഒക്കെ കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അത്തരം മാറ്റങ്ങൾ സിനിമയിലും സ്വാഭാവികമായും സംഭവിക്കുന്നു.പ്രേക്ഷകനൊപ്പം സിനിമയും മാറ്റങ്ങൾക്ക് വിധേയമാകുന്നു എന്നും പറയാം. എല്ലാ ഭാഷകളിലും എല്ലാ കാലത്തും പ്രേക്ഷകനെ ആകർഷിക്കാൻ സാധിച്ച ചിത്രങ്ങളും പൂർണമായും തിരസ്ക്ക്കരിക്കപ്പെട്ട സിനിമകളും ഉണ്ടായിട്ടുണ്ട്. തീയേറ്ററുകളിൽ പരാജയപ്പെട്ട പല ചിത്രങ്ങളും വർഷങ്ങൾക്ക് ശേഷം സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഒരു 'സുവർണ ഭൂതകാല'ത്തിന് അടിമപ്പെട്ട് വർത്തമാന കാലത്ത് സംഭവിക്കുന്നതെല്ലാം മോശമാണ് എന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ ഉണ്ട്, ഞാൻ അത്തരത്തിൽ ഉള്ള ഒരാളല്ല.പുതിയ കാലത്തിന്റെ എല്ലാ മാറ്റങ്ങളേയും ഇഷ്ടപ്പെടുകയും , ആസ്വദിക്കുകയും ചെയുന്ന ഒരു വ്യക്തിയാണ് ഞാൻ.
- സമകാലിക രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളിൽ വ്യക്തമായ അഭിപ്രായ പ്രകടനങ്ങൾ നടത്താറുള്ള വ്യക്തിയാണ് താങ്കൾ. ഇന്ത്യയിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് അസഹിഷ്ണുത. കലാ സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖർ ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം തുറന്നു പറയുന്നു. ചില കലാകാരന്മാർ ഈ വിഷയുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിച്ച പുരസ്ക്കാരങ്ങൾ തിരികെ നൽകുന്നു. ഈ വിവാദ വിഷയത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്.
നമ്മുടെ രാജ്യത്ത് അസഹിഷ്ണുത നില നിൽക്കുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇന്ത്യ ഭരിക്കുന്ന ബിജെ.പി എന്ന രാഷ്ട്രീയ പ്രസ്ഥാനം അവരുടെ ഫാസിസ്റ്റ് നിലപാടുകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. തങ്ങളുടെ വിശ്വാസ പ്രമാണങ്ങളുമായി വിയോജിപ്പുള്ളവരെ കൊന്നൊടുക്കാൻ പോലും മടിയില്ലാത്തവർ ഭരണകൂടങ്ങളുടെ ഭാഗമാകുന്നു. നിങ്ങൾ എന്ത് കഴിക്കണം എന്നത് പോലും മറ്റൊരാളാൽ തീരുമാനിക്കപ്പെടുമ്പോൾ മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യങ്ങൾ പോലും പൂർണമായി ബലികഴിക്കപ്പെടുന്ന അവസ്ഥ സംജാതമാകുന്നു. ഇത്തരം രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളിൽ കലാകാരന്മാർ അടക്കമുള്ളവരുടെ പ്രതികരണങ്ങൾ തീർച്ചയായും പ്രസക്തമാണ് . എന്നാൽ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്താനുള്ള അവസരങ്ങളിൽ മൗനം പാലിക്കുകയും,തങ്ങൾക്ക് കിട്ടാനുള്ളത് കിട്ടി കഴിഞ്ഞ ശേഷം അസഹിഷ്ണുതയ്ക്കെതിരെ പ്രസ്താവനകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നത് ചിലരുടെ ഇരട്ടത്താപ്പാണ് എന്നാണ് എന്റെ അഭിപ്രായം.
- ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്* എന്നീ നിലകളിൽ പ്രവർത്തിക്കുന്ന താങ്കൾക്ക് കൂടുതൽ സംതൃപ്തി നൽകുന്നത് എന്താണ്?
തീർച്ചയായും ചെറുകഥാകൃത്ത് എന്ന നിലയിൽ തന്നെയാണ് കൂടുതൽ സംതൃപ്തി ലഭിക്കുന്നത്. ഒരു സിനിമയിലേക്ക് ആളുകളെ ആകർഷിക്കുന്നപല ഘടകങ്ങളിൽ ഒന്ന് മാത്രമാണ് എഴുത്തുകാരൻ എന്നത് .എന്നാൽ ചെറുക്കഥ അങ്ങനെയല്ല, അതിന് സിനിമകൾക്കുള്ള പോലെ പരസ്യങ്ങളുടെ പിൻബലമില്ല. തിരക്കഥാകൃത്ത്* എന്ന നിലയിൽ എന്നിൽ പ്രതീക്ഷ പുലർത്തുന്ന ഒരു വിഭാഗം പ്രേക്ഷകർ ഉണ്ട് എന്നത് എനിക്ക് സന്തോഷം പകരുന്ന, അതിനോടൊപ്പം കൂടുതൽ ഉത്തരവാദിത്വ ബോധം നൽകുന്ന ഒന്നാണ്. എന്നാൽ എന്റെ ചെറുകഥ വായിച്ച് ഒരാൾ അഭിപ്രായം അറിയിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം തന്നെയാണ് ഏറെ വലുത്.
- അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണ് 'മുന്നറിയിപ്പ്'. നിരൂപകരും, പ്രേക്ഷകരും ഒരുപോലെ മികച്ചതെന്നു വിധിയെഴുതിയ ഈ ചിത്രം എഴുത്തുകാരൻ എന്ന നിലയിൽ എങ്ങനെയാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്*.
ഒരു മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള മറ്റൊരു വ്യക്തിയുടെ കടന്നു കയറ്റം തന്നെയാണ് 'മുന്നറിയിപ്പ്' പ്രധാനമായും അടയാളപ്പെടുത്താൻ ശ്രമിച്ചത്*.അതോടൊപ്പം സെൻസേഷന് വേണ്ടി മാദ്ധ്യമങ്ങളുടെ ഭാഗത്ത്* നിന്നുണ്ടാകുന്ന തികച്ചും അപലപനീയങ്ങളായ പ്രവർത്തനങ്ങൾ കൂടി വരച്ചുകാട്ടാൻ ശ്രമിച്ചിട്ടുണ്ട്. 'മുന്നറിയിപ്പ്' ഇത്രയധികം ചർച്ച ചെയ്യപ്പെട്ടതിലും സ്വീകരിക്കപ്പെട്ടതിലും അതിയായ സന്തോഷവും അഭിമാനവും ഉണ്ട്.
- ഇതുവരെ താങ്കൾ ഭാഗമായ ചിത്രങ്ങളിൽ ഏതെങ്കിലും ചിലത് ഒഴിവാക്കേണ്ടവ ആയിരുന്നു എന്ന തോന്നൽ പിന്നീട് ഉണ്ടായിട്ടുണ്ടോ?
'ബാച്ച്ലർ പാർട്ടി' ഒഴിവാക്കേണ്ട ചിത്രം ആയിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്
എന്റെ കഥയെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലീല' യുടെ ചിത്രീകരണം ജനുവരി ഒന്നിന് ആരംഭിക്കുന്നു. ഞാൻ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.