മാങ്കോസ്റ്റീൻ പെരുമയിൽ പരിയാരത്തിന്റെ മധുരം
പരിയാരം വീട്ടുവളപ്പിൽ നിന്നു പറിച്ചെടുത്ത പാകമായ മാങ്കോസ്റ്റീൻ കയറ്റി അയയ്ക്കാനായി പെട്ടിയിൽ ഒരുക്കുന്നു.
തൃശൂർ ∙ പരിയാരം ഗ്രാമത്തിന് ഇപ്പോൾ മധുരമാണ്. ചെറിയ പുളിയുള്ള മാങ്കോസ്റ്റീൻ മധുരം. 100 വർഷം മുൻപു മങ്കോസ്റ്റീൻ വിത്തുമായി എത്തിയ മൂത്തേടൻ വർഗീസിനു നന്ദിപറയാം. ഇന്നു പരിയാരത്തെ ഏതു വീട്ടിൽ പോയാലും അവിടെ ഒരു മാങ്കോസ്റ്റീൻ മരമെങ്കിലും കാണും. കേരളത്തിലെ ഏറ്റവും വിലകൂടിയ കാർഷിക വിളയാണ് ഇന്നു മാങ്കോസ്റ്റീൻ. കിലോയ്ക്ക് 200 മുതൽ 400 രൂപ വരെ കയറിപ്പോകുന്നതാണു വില.
ചാലക്കുടിയിൽനിന്ന് അതിരപ്പിള്ളിയിലേക്കു പോകുന്ന വഴിയിലുള്ള പരിയാരം മാങ്കോസ്റ്റീൻ ഗ്രാമമാണ്. 100 വർഷം മുൻപു മലേഷ്യയിൽനിന്നു മൂത്തേടൻ വർഗീസാണ് ആദ്യമായി പരിയാരത്തേക്ക് ഈ ഫലവൃക്ഷം കൊണ്ടുവരുന്നത്. തുടർന്നു പതുക്കെ അതു പടർന്നു തുട*ങ്ങി. 28 വർഷം മുൻപു മൂത്തേടൻ മെർലിൻ ഇതു കൃഷിയായിത്തുടങ്ങി. അപ്പോഴേക്കും കേരളത്തിൽ ഇതു പരിചിതമായിത്തുടങ്ങിയിരുന്നു. അന്നു തെങ്ങിനു പകരം മാങ്കോസ്റ്റീൻ നട്ട മെർലിനെ പലരും കളിയാക്കി. പക്ഷേ പിന്നീടു പലരും മെർലിനിൽനിന്നു തൈ വാങ്ങിപ്പോയി.
ബെംഗളൂരുവിലും ചെന്നൈയിലും മുംബൈയിലും ഏറ്റവും പ്രിയപ്പെട്ടതു പരിയാരം മാങ്കോസ്റ്റീനാണ്. മണ്ണിന്റെ ഗുണമാണത്രെ നല്ല മധുരത്തിനു കാരണം. പറിച്ചെടുത്താൽ 15 ദിവസം വരെ ഇരിക്കുമെന്നത് ഈ ഫലത്തിന്റെ കച്ചവടം സുഗമമാക്കുന്നു. കട്ടിയുള്ള തോടുള്ളതിനാൽ കയറ്റി അയയ്ക്കുന്നതിലും പ്രശ്നമില്ല. മരുന്നൊന്നും പ്രയോഗിക്കാതെയാണു മാങ്കോസ്റ്റീൻ വളർത്തുന്നത്. കിലോയ്ക്കു 100 മുതൽ 200 രൂപ മൊത്തവില കിട്ടും. കഴിഞ്ഞ വർഷം പരിയാരത്തു രണ്ടു കോടിയോളം രൂപയുടെ മാങ്കോസ്റ്റീൻ കച്ചവടം നടന്നിട്ടുണ്ട്. പത്തിൽ താഴെ മരമുള്ളവർ നേരിട്ടു കടകളിൽ വിൽക്കുന്നത് ഇതിനു പുറമെയാണ്.
ജനുവരിയിൽ പൂവിട്ടു മാർച്ച് മുതൽ ജൂൺ വരെയാണു മാങ്കോസ്റ്റീൻ ഫലം തരുന്നത്. ഒരൊറ്റ സീസണേയുള്ളൂ. പത്തു വർഷത്തിനിടെയാണു പരിയാരത്തും പരിസര ഗ്രാമങ്ങളിലും കൃഷി വ്യാപകമായത്. അടുത്ത നാലു വർഷത്തിനിടയിൽ വിള ഇരട്ടിയാകുമെന്നാണു കരുതേണ്ടത്. പലരും വിളമാറ്റത്തിന്റെ വഴിയിലാണ്. അതോടെ ഇപ്പോഴത്തെ വില കിട്ടുമോ എന്നു കണ്ടറിയണം. നട്ടു കഴിഞ്ഞാൽ നാലു വർഷത്തിനകം കായ്ച്ചുതുടങ്ങുന്ന മാങ്കോസ്റ്റീനിൽനിന്നു തു*ടക്കത്തിൽത്തന്നെ പ്രതിവർഷം 25,000 രൂപയെങ്കിലും ഉണ്ടാക്കാം. 10 വർഷമായ മരത്തിൽനിന്നു 40,000 രൂപ വരെ കിട്ടാം. നിറഞ്ഞു കായ്ക്കുന്ന മരം 60,000 രൂപ വരെയും നൽകിയേക്കും.
കൃഷിയായതുകൊണ്ടു പരിചരണവും കാലാവസ്ഥയുമെല്ലാം പരിഗണിക്കേണ്ടിവരും. ഏക്കറിൽ 70 മരമെ വളർത്താനാകൂ. അതിരപ്പിള്ളിയിലേക്കുള്ള യാത്രാമധ്യേ പലരും ഇവിടെയെത്തി മാങ്കോസ്റ്റീൻ അന്വേഷിക്കും. എന്നാൽ ഈ കച്ചവടം മുതലെടുക്കാനുള്ള സംവിധാനം ഇനിയും ഇവിടെ ഇല്ല. പലരും ഫാമുകൾ തേടിപ്പിടിച്ചാണ് ഇതു വാങ്ങുന്നത്. മലയാളികൾക്ക് മാങ്കോസ്റ്റീൻ പണ്ടേ പരിചിതമാണ്. പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബീഷീ*ർ തന്റെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റീൻ മരത്തിനു ചുവട്ടിലിരുന്നു അദ്ദേഹം കഥകളേറെയും പറഞ്ഞിരുന്നത്. അന്നു പക്ഷേ, മാങ്കോസ്റ്റീൻ കൃഷി എന്ന നിലയിൽ കേരളത്തിനു പിരചിതമായിരുന്നില്ല.