വീണ്ടും ദൃശ്യവിരുന്നൊരുക്കാൻ അഞ്ഞൂരിൽ തിയറ്റർ കോംപ്ലക്സ്; ബി സിനിമാസ് ഉദ്ഘാടനം ഇന്ന്
വടക്കേകാട് ∙ തൊഴിയൂർ മുതൽ വടക്ക് എരമംഗലം വരെയുള്ള സിനിമ പ്രേമികളുടെ ഏറെക്കാലത്തെ നിരാശ തീർക്കാൻ പുതിയ സിനിമ തിയറ്റർ വരുന്നു. അഞ്ഞൂരിലെ മൾട്ടി പ്ലസ് തിയറ്റർ കോംപ്ലക്സ് ബി സിനിമാസ് ഇന്ന് 5ന് നടൻ വി.കെ.ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. പ്രദേശത്ത് ഇല്ലാതായ 7 തിയറ്ററിനു പകരക്കാരനായാണ് ബി സിനിമാസിന്റെ വരവ്. അഞ്ഞൂർകുന്ന് കൈലാസ്, വൈലത്തൂർ എംസി മൂവീസ് തിയറ്ററുകൾ വർഷങ്ങൾക്കു മുൻപേ അടച്ചു. പുന്നയൂർക്കുളത്തെ ജൂപ്പിറ്ററും പാലപ്പെട്ടിയിലെ താജും എരമംഗലത്തെ സീമയും മാറഞ്ചേരി ജിഷാറും കരിങ്കല്ലത്താണിയിലെ അനുരാഗുമെല്ലാം പഴയ തലമുറയുടെ മധുരിക്കുന്ന ഓർമകളാണ്.
ഓല മേഞ്ഞ മേൽക്കൂരയും പരമ്പ് കെട്ടിയ ഇന്റീരിയർ ഡക്കറേഷനും മണ്ണ് പരത്തിയ തേർഡ് ക്ലാസും തിണ്ണയും ബഞ്ചും ചാരുകസേരയും ഒഴിവാക്കി ഇടക്കാലത്ത് ഏതാനും തിയറ്ററുകൾ എസിയും ഡോൾബി സൗണ്ട് സിസ്റ്റവും ഒരുക്കി നവീകരിച്ചെങ്കിലും പിന്നീട് ഇല്ലാതായി. തിയറ്ററുകൾ അടച്ചതോടെ 7 പഞ്ചായത്തിലുള്ളവർക്ക് സിനിമ കാണാൻ ഗുരുവായൂരോ കുന്നംകുളത്തോ പോകേണ്ട അവസ്ഥയായി. പൊന്നാനി മുതൽ ഗുരുവായൂർ, കുന്നംകുളം വരെയുള്ള 25 കിലോമീറ്റർ ദൂരത്ത് സിനിമ തിയറ്റർ ഇല്ലാത്ത കാലത്തിനാണ് ബി സിനിമാസ് വരുന്നതോടെ തിരുത്തൽ വരുന്നത്. 300, 200 സീറ്റുകളുള്ള 2 സ്ക്രീൻ ആണ് തിയറ്ററിൽ ഉള്ളത്. 4കെ ക്രിസ്റ്റൽ ലേസർ പ്രൊജക്ടർ, ഹൂഗോ സിൽവർ സ്ക്രീൻ എന്നിവ ഒരുക്കിയിട്ടുണ്ട്. വെള്ളിയാണ് പ്രദർശനം ആരംഭിക്കുക. അന്ന് റിലീസ് ചെയ്യുന്ന ബ്രോമാൻസ്, ദാവീദ്, പൈങ്കിളി എന്നിവയാണ് ഉദ്ഘാടന ചിത്രങ്ങളെന്ന് തിയറ്റർ ഉടമ ബെന്നോ മാറോക്കി, അലൻ ബെന്നോ, മാർക്ക് ബെന്നോ എന്നിവർ പറഞ്ഞു.