സുരക്ഷയിൽ ഫിഫ വിട്ടുവീഴ്ചയ്ക്കില്ല
കൊച്ചി∙ ലോകകപ്പിനു വേദിയാകുന്ന സ്റ്റേഡിയങ്ങളിലെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനില്ലെന്നു ഫിഫ. പതിറ്റാണ്ടുകൾ നീണ്ട സംഘാടന പരിചയത്തിന്റെ അടിസ്ഥാനത്തിലാണു പറയുന്നത്. പതിനായിരങ്ങൾ കളി കാണാൻ കയറുന്ന വേദികളിൽ ഒരാൾക്കുപോലും അപകടസാധ്യത ഉണ്ടാവരുതെന്നാണു ഫിഫയുടെ സുരക്ഷാവിഭാഗത്തിന്റെ നിലപാട്.
കലൂർ സ്റ്റേഡിയത്തിൽ ലോകകപ്പ് നാളുകളിൽ കടകളോ മറ്റു സ്ഥാപനങ്ങളോ പ്രവർത്തിക്കരുതെന്നു ഫിഫ പറയുന്നതിനു കാരണങ്ങൾ പലതുണ്ട്.
ഫിഫയുടെ സുരക്ഷാസംഘത്തിന്റെ കണ്ടെത്തലുകൾ:
∙സ്റ്റേഡിയത്തിലെ ഭക്ഷണശാലകളിൽ പാചകവാതക സിലിണ്ടറുകളുണ്ട്.
∙ചില കടമുറികളിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാനായി ഇന്ധനം സംഭരിച്ചിരിക്കുന്നു.
∙ചിലേടത്ത് വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങളുണ്ട്.
മേൽപ്പറഞ്ഞവ സ്ഫോടനത്തിനു കാരണമായേക്കാം. ചെറിയൊരു പൊട്ടിത്തെറിയോ വൈദ്യുതി ശൃംഖലയിൽ തീപടരുന്നതോ ലോകകപ്പ് വേദിയിൽ ഉണ്ടാവാൻ പാടില്ല.
∙ചില മുറികളിൽ രാത്രി ആൾത്താമസമുണ്ട്. ആൾമാറാട്ടത്തിനും നുഴഞ്ഞുകയറ്റത്തിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. രാത്രി തങ്ങുന്നവർ കൊതുകുതിരിയുംമറ്റും കത്തിച്ചുവയ്ക്കുന്നതുപോലും ഫിഫ വകവച്ചു കൊടുക്കുന്നില്ല.
∙ചിലേടത്തെങ്കിലും പാഴ്*വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നു. ഇതും സുരക്ഷാഭീഷണി തന്നെ.
∙24 മണിക്കൂറും പ്രവർത്തിക്കുന്ന, എന്നാൽ 24 മണിക്കൂറും നിരീക്ഷണസംവിധാനമില്ലാത്ത ഏസിയും റഫ്രിജറേറ്ററും ജനറേറ്ററും പോലുള്ളവ അപകടസാധ്യത വർധിപ്പിക്കുന്നു.
ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപുതന്നെ സ്റ്റേഡിയം ഫിഫയുടെ സുരക്ഷാവിഭാഗത്തിന്റെ മേൽനോട്ടത്തിൽ പൊലീസിന്റെ കർശന നിരീക്ഷണത്തിലാവും. സ്റ്റേഡിയത്തിലെ വ്യാപാരസ്ഥാപനങ്ങൾ തുറന്നിരുന്നാൽ ആളുകളുടെ വരവുംപോക്കും കൂടും. കാര്യക്ഷമമായ നിരീക്ഷണം ദുഷ്കരമാകും.
മൽസരദിവസങ്ങളിൽ മാച്ച് ടിക്കറ്റോ സംഘാടകർ നൽകുന്ന തിരിച്ചറിയൽ കാർഡോ ഇല്ലാത്തവരെ സ്റ്റേഡിയം പരിസരത്തേക്കു പ്രവേശിപ്പിക്കാറില്ല എന്നതാണു ഫിഫ ലോകകപ്പിന്റെ രീതി.
മലയാളിയുടെ മനോഭാവത്തിനു ഫിഫയുടെ മഞ്ഞക്കാർഡ്
കേരളത്തിലെ ഒരു ഫുട്ബോൾ സംഘാടകൻ ഫിഫ പ്രതിനിധിയോട് (ചുമ്മാ വീമ്പിളക്കിയതാണെന്നു വേണമെങ്കിൽ പറയാം): ‘‘ഈ സ്റ്റേഡിയത്തിൽ 1997ൽ ഞങ്ങൾ നെഹ്റു സ്വർണക്കപ്പ് മൽസരം നടത്തി. ഒരു ലക്ഷം പേർ അകത്തുകയറി കളി കണ്ടു.’’ ഫിഫ പ്രതിനിധി (അതീവ ഗൗരവത്തിൽ): നിങ്ങൾ പണ്ടു പലതും കാണിച്ചിട്ടുണ്ടാവാം.
ഈ സ്റ്റേഡിയത്തിൽ തീയണപ്പു സംവിധാനങ്ങൾ ഇല്ലായിരുന്നു. സുരക്ഷാ ഏർപ്പാടുകൾ ഇല്ലായിരുന്നു. എന്നിട്ടും ടൂർണമെന്റുകൾ നടത്തി. ഞങ്ങൾ നടത്താൻ പോകുന്നതു ലോകകപ്പാണ്. അതിനു മുൻപ് ഇവിടെ തീയണപ്പു സംവിധാനം കൂടിയേ തീരൂ. സുരക്ഷ കർശനമാക്കും. ഒരു വിട്ടുവീഴ്ചയുമില്ല.’’